#KnowYourRoots
ഇത്തവണ പുരാതന രീതികൾ ഉപയോഗിച്ച് പല നിറങ്ങളും നിറമില്ലാത്ത ക്ലിയർ കോട്ട് അഥവാ വാർണിഷും നിർമ്മിച്ചിരുന്നത് എങ്ങനെ എന്നു നോക്കാം.
വിഷ്ണുപുരാണത്തിന്റെ അനുബന്ധമായ വിഷ്ണുധർമ്മോത്തര പുരാണത്തിലെ ചിത്രസൂത്രം എന്ന ഭാഗത്തിൽ ആണ് ഇതേപ്പറ്റി പരാമർശം ഉള്ളത്. നിറങ്ങൾ മാത്രമല്ല, അവ പ്രയോഗിക്കേണ്ട ബ്രഷുകൾ എപ്രകാരം ഉണ്ടാക്കണം എന്നും വിശദമാക്കിയിരിക്കുന്നു.
അടിസ്ഥാനപരമായ അഞ്ചു നിറങ്ങൾ (five basic colours) ആണ് ഉണ്ടാക്കുന്നത്. ബാക്കി എല്ലാ നിറങ്ങളും ഈ അഞ്ച് നിറങ്ങൾ വ്യത്യസ്ത അനുപാതത്തിൽ സംയോജിപ്പിച്ചു കൊണ്ടാണ് ഉണ്ടാക്കുക.
Basic Colours: വെള്ള, മഞ്ഞ, ചുവപ്പ്, കറുപ്പ്, നീല.
വെള്ള നിറം: ആര്യവേപ്പിന്റെയും, വിളങ്കായ് മരത്തിന്റെയും കറകൾ കുമ്മായത്തിലോ വെള്ളക്കളിമണ്ണിലോ ചേർത്ത് ഉണക്കിപ്പൊടിച്ച് ആണ് വെള്ളനിറം നിർമ്മിക്കേണ്ടത്. ഈ മിശ്രിതം ചൂട് വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാം. അൽപം ലക്ഷ്വറി ഫീൽ കിട്ടാൻ കുമ്മായത്തിന് പകരം മുത്ത് പൊടിച്ച് ചേർക്കാം.
മഞ്ഞ നിറം: മരമഞ്ഞളിന്റെ തണ്ടും, മഞ്ഞ നിറത്തിൽ ഉള്ള പുഴയോരങ്ങളിലെചേറ്റുമണ്ണും ചേർത്ത് ഇടിച്ചു ചതച്ച് കുഴമ്പ് പരുവമാക്കുന്നു. ഈ മിശ്രിതത്തിൽ വെള്ളം ചേർത്ത് രണ്ട് മണിക്കൂർ തെളിയാൻ വെക്കുന്നു. ഊറ്റെല്ലാം അടിഞ്ഞ ശേഷം മുകളിൽ നിന്ന് മഞ്ഞ ലായനി എടുത്ത് മൺകുടത്തിൽ വെച്ച് ഉണക്കി എടുക്കുന്നു. ഉണങ്ങിക്കഴിഞ്ഞു ശേഷിക്കുന്ന പൊടി ചൂട് വെള്ളത്തിൽ കലർത്തി ഉപയോഗിക്കാം.
ചുവപ്പ് നിറം: നാല് വസ്തുക്കളിൽ നിന്നായി നാല് തരം ചുവപ്പ് നിറങ്ങൾ നിർമ്മിക്കാം.
● ഇളം ചുവപ്പ്: സിന്ദൂരം (Vermillion/Mercuric Sulphide) വെള്ളത്തിൽ കലർത്തി 12 മണിക്കൂർ നിർത്താതെ ഇളക്കി ആര്യവേപ്പിന്റെ തോലരച്ച് ഊറ്റിയ കറയിൽ ചേർത്ത് ഇളം ചുവപ്പ് ഉണ്ടാക്കുന്നു.
● മീഡിയം ചുവപ്പ്: കാവിമണ്ണ് (Red Ochre) അരച്ചു പൊടിച്ച് ഇഴയടുപ്പം ഉള്ള തുണിയിൽ അരിച്ച് വെള്ളത്തിൽ അലിയിച്ചെടുക്കുന്നു. തുടർന്ന് ഇത് ആര്യവേപ്പിന്റെ കറയിൽ ചേർക്കുന്നു
● കടും ചുവപ്പ്: ചായില്യം(cinnabar/a mineral rock/Mercuric Sulphide) പൊടിച്ച് അരിച്ചെടുത്തത് ആര്യവേപ്പിന്റെ കറയിൽ ചേർത്ത് കടും ചുവപ്പ് ഉണ്ടാക്കുന്നു. ഈ ചായില്യം പൊടിച്ചത് തന്നെയാണ് സിന്ദൂരവും. സിന്ദൂരത്തിന് താരതമ്യേന ഇളം നിറമുള്ള ചായില്യം ആണ് സാധാരണമായി ഉപയോഗിക്കുന്നത് എന്നു മാത്രം. ഇവിടെ കടും നിറമുള്ള ചായില്യം നേരിട്ടുപയോഗിക്കുന്നു.
● കരിഞ്ചുവപ്പ്: കോലരക്ക് (Shellac) പൊടിച്ച് അരിച്ചെടുത്തത് ആര്യവേപ്പിന്റെ കറയിൽ ചേർത്ത് കരിഞ്ചുവപ്പ് നിറം ഉണ്ടാക്കുന്നു.
ഇതിനെല്ലാം പുറമെ മാനശില (Realgar/Arsenic Disulphide) പൊടിച്ച് ഭസ്മമാക്കി അത് ആര്യാവേപ്പിൻ കറയിൽ ചേർത്തും ചുവപ്പ് നിറം ഉണ്ടാക്കാം.
നീല: നീലയമരി ചെടിയുടെ ഇല വെള്ളത്തിൽ ഒരു ദിവസം ഇട്ട് കുതിർത്തുന്നു. കടും നീല നിറമാകുന്ന വെള്ളം വെയിലിൽ വെച്ച് വറ്റിക്കുന്നു. ശേഷിക്കുന്ന ഉണക്കയില പൊടിച്ച് അരിച്ചെടുത്തത് വിളങ്കായ മരത്തിന്റെ കറയിൽ ചേർത്ത് ഉപയോഗിക്കാം.
കറുപ്പ്: ഒരു മൺകുടത്തിൽ വിളക്ക് കത്തിച്ചു വെക്കുന്നു. മറ്റൊരു മൺകുടത്തിന്റെ ഉൾവശത്ത് ചാണകപ്പൊടി തേച്ചു പിടിപ്പിച്ച് വിളക്ക് ഇരിക്കുന്ന കുടത്തിന് മീതെ കമിഴ്ത്തി വെക്കുന്നു. മുകളിലെ കുടത്തിനകത്ത് ശേഖരിക്കപ്പെടുന്ന കരി അരിച്ചെടുത്ത് ഉപയോഗിക്കാം.
ഈ അഞ്ച് അടിസ്ഥാന നിറങ്ങൾക്ക് പുറമെ സ്വർണ്ണ നിറം ഉണ്ടാക്കുന്നതിനുള്ള രീതിയും ചിത്രസൂത്രത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
കനം കുറഞ്ഞ നേർത്ത സ്വർണ്ണപ്പാളി അരിച്ച മണലിൽ ചേർത്ത് അരച്ചു പൊടിക്കുന്നു. ശേഷം ഈ മിശ്രിതം വെള്ളത്തിൽ കലർത്തി ഊറാൻ വെക്കുന്നു. മുകളിലെ തെളി എടുത്ത് ഈ സീരീസിൽ നേരത്തെയുള്ള പോസ്റ്റുകളിൽ വിശദീകരിച്ച ഏതെങ്കിലും വജ്രലേപങ്ങളിലോ വജ്രതലത്തിലോ ചേർത്ത് ഉപയോഗിക്കാം. തുടർന്ന് കാളയുടെയോ കാട്ടുപന്നിയുടെയോ കൊമ്പ് കൊണ്ട് ഉരച്ചു മിനുസപ്പെടുത്തണം.
ഈ നിറങ്ങൾ എല്ലാം വ്യത്യസ്ത അനുപാതങ്ങളിൽ ചേർത്ത് മറ്റ് നിറങ്ങൾ എല്ലാം ഉണ്ടാക്കാം.
വാർണിഷ്: അരയാൽ, പേരാൽ, അത്തി, വില്വം, അകിൽ എന്നീ മരങ്ങളുടെ കറകൾ വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുന്നു. എണ്ണ പരുവമാകുമ്പോൾ അരക്ക്, ചായില്യം എന്നിവയും കൂടെ ചേർത്ത് വീണ്ടും തിളപ്പിക്കുന്നു. ഇപ്രകാരം തയ്യാറാക്കിയ വാർണിഷ് തടിപ്പണികളിലും മറ്റും തിളക്കത്തിനും ഈടിനും വേണ്ടി ഉപയോഗിക്കാം.
-------------------------
ചിത്രങ്ങൾ തയ്യാറാക്കുന്ന പ്രതലം: മേൽപ്പറഞ്ഞ ചായക്കൂട്ടുകളിൽ വിരിഞ്ഞ അനേകം മനോഹരമായ കലാസൃഷ്ടികൾ കാലത്തെ വെല്ലുവിളിച്ചു കൊണ്ട് ഇന്നും ഭാരതത്തിൽ പലയിടങ്ങളിലും കാണാം. അജന്തയും എല്ലോറയും എല്ലാം അതിലുൾപ്പെടും. എന്നാൽ എത്ര മികച്ച ചായക്കൂട്ടുകൾ ആണെങ്കിലും ചിത്രം വരക്കുന്ന പ്രതലം ഈട് നിന്നില്ലെങ്കിൽ ചിത്രവും നശിച്ചു പോകുമല്ലോ. നൂറ്റാണ്ടുകൾക്കിപ്പുറവും നിലനിൽക്കുന്ന അത്തരം ചില പ്രതലങ്ങൾ എപ്രകാരം തയ്യാറാക്കി എന്നു നോക്കാം....
അജന്ത: കളിമണ്ണ്, ചാണകം, പാറപ്പൊടി, ഉമി, കുമ്മായം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്ത് പ്ലാസ്റ്റർ ചെയ്തെടുത്ത പ്രതലം ആണ് അജന്തയിലെ ഗുഹാ ചിത്രങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത്
സിഗിരിയ, ശ്രീലങ്ക: അരിച്ചെടുത്ത മണലോ പാറപ്പൊടിയോ ചേർത്ത കളിമണ്ണ്, ചീനക്കളിമണ്ണ്(kaolin clay), ഉമി, ചകിരി നാര്, കുമ്മായം എന്നിവ കൊണ്ടാണ് സിഗിരിയായിലെ ചുവർ ചിത്രങ്ങളുടെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.
ബാഗ് ഗുഹചിത്രങ്ങൾ, മദ്ധ്യപ്രദേശ്: ചെങ്കളിമണ്ണ് (ചെമ്മണ്ണ് അരിച്ചെടുത്തത്), ചെറുപയർ, കുമ്മായം, ചണനാരുകൾ എന്നിവയാലാണ് ബാഗ് ചിത്രങ്ങളുടെ പ്രതലം.
വിഷ്ണുധർമ്മോത്തര പുരാണത്തിന് പുറമേ പന്ത്രണ്ടാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ ചാലൂക്യ, അഥവാ കല്യാണി ചാലൂക്യ മഹാരാജവായിരുന്ന സോമശേഖരൻ മൂന്നാമൻ രചിച്ച അഭിലാഷതീർത്ഥ ചിന്താമണിയിലും ശംഖ്, കരിങ്കാലി, പയർ വർഗ്ഗങ്ങൾ, ശർക്കരപ്പാവ്, വാഴപ്പഴം എന്നിവയെല്ലാം ചേർത്ത് പ്രതലങ്ങൾ തയ്യാറാക്കുന്നതിന് വേണ്ട മിശ്രിതങ്ങളെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്.
------------
ചിത്രരചനക്കുള്ള ബ്രഷുകൾ അഥവാ കുഞ്ജലീനികൾ: അഭിലാഷതീർത്ഥ ചിന്താമണി ആണ് ഇതിനുള്ള അവലംബം. മൂന്ന് തരം ബ്രഷുകൾ ആണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വീതി കൂടിയ ബ്രഷുകൾ പൈക്കിടാവിന്റെ ചെവിയിലെ നീളൻ രോമങ്ങൾ കൊണ്ടും, ഇടത്തരം ബ്രഷുകൾ ചെമ്മരിയാടിന്റെ വയറിലെ രോമം കൊണ്ടും, ചെറിയ പോയിന്റഡ് ബ്രഷുകൾ അണ്ണാറക്കണ്ണന്റെ വാലിലെ രോമം കൊണ്ടുമാണ് നിർമ്മിക്കേണ്ടത്. ഈ മൂന്ന് തരം ബ്രഷുകളുടെയും ഓരോ സെറ്റ് ഓരോ നിറങ്ങൾക്ക് വേണ്ടിയും വെവ്വേറെ കരുതണം എന്നും നിഷ്കര്ഷിച്ചിരിക്കുന്നു.
----------------
ഇന്നത്തെ അക്രിലിക് എപോക്സി മീഡിയങ്ങളുടെ കാലഘട്ടത്തിൽ മേൽപ്പറഞ്ഞ രീതികൾ പ്രാകൃതവും അപരിഷ്കൃതവും ആണെന്ന് തോന്നുന്നുണ്ടെങ്കിൽ ഈ അപരിഷ്കൃത സൃഷ്ടികൾ രചിക്കപ്പെട്ടത് ഏത് കാലത്താണ് എന്ന് പരിശോധിച്ചാൽ മതിയാകും. എന്നിട്ട് താപനിലയും ഹ്യൂമിഡിറ്റയും ക്രമീകരിക്കാതെ ആധുനിക മീഡിയത്തിൽ ചെയ്ത ഒരു സൃഷ്ടി ട്രോപ്പിക്കൽ കാലവസ്ഥക്ക് എക്‌സ്‌പോസ് ചെയ്തു കൊണ്ട് കുറച്ചു കാലം വെച്ചു നോക്കുക.
#KnowYourRoots